കൊച്ചി: ക്രിസ്മസ്-പുതുവത്സര സീസണില്‍ 82 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ കഴിഞ്ഞ ഒന്നുവരെയുള്ള പത്തു ദിവസത്തെ കണക്കാണിത്.
36.06 കോടി രൂപയാണു സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ്. പെട്രോള്‍, റീട്ടെയില്‍ ഉള്‍പ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും ആറു ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വില്പന ഉള്‍പ്പെടെയാണ് 82 കോടി നേടിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സപ്ലൈകോ സംഘടിപ്പിച്ചത്. പ്രത്യേക ഫെയറുകളില്നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. ഇതില്‍ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങളും 33.06 ലക്ഷം രൂപ സബ്സിഡിയിതര ഇനങ്ങളുമാണ്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടത്തിയ പ്രത്യേക ക്രിസ്മസ് ഫെയറില്‍ 29.31 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇതില്‍ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 16.19 ലക്ഷം രൂപയാണ്.